അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ മനസ്സിലെ തീരാനൊമ്പരമായ ദീപാ ദിനമണിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 11 ന് നാട്ടിലെത്തിക്കും. അന്നേദിവസം തന്നെയാണ് ഹൊസൂരില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
അന്നേ ദിവസം രാവിലെയാണ് മൃതദേഹം നാട്ടിലെത്തിക്കുക. രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് ഒന്നരവരെ ചിന്നക്കൊലു അസലാന്തം റോഡിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ദീപയുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ ദീപയുടെ സഹോദരന്‍ അയര്‍ലണ്ടിലെത്തി ഏറ്റുവാങ്ങിയിരുന്നു. കോര്‍ക്കിലെ ഇന്ത്യന്‍ കൂട്ടായ്മ ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കാനും മറ്റ് ചെലവുകള്‍ക്കുമായി 25000 യൂറോ വരെ സമാഹരിച്ചിരുന്നു.
ജൂലൈ 14 നാണ് കോര്‍ക്കിലെ വസതിയില്‍ ദീപാ ദിനമണിയെ ഭര്‍ത്താവ് തൃശൂര്‍ സ്വദേശി റിജിന്‍ രാജന്‍ കൊലപ്പെടുത്തിയത്. ഇയാല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. കോര്‍ക്കിലെ ആള്‍ട്ടര്‍ ഡോമസ് കമ്പനിയില്‍ സീനിയര്‍ ഫണ്ട് സര്‍വ്വീസ് മനേജരായിരുന്നു ദീപ.