അയര്‍ലണ്ടിന്റെ ആരോഗ്യമേഖലയിലേയും ഒപ്പം തങ്ങളുടെ ജോലിയിലേയും ഗൗരവകരമായ പ്രശ്നങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടി ഐറീഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്‍ഗനൈസേഷന്റെ വര്‍ഷിക സമ്മേളനം. യൂണിയന്റെ മൂന്നു ദിവസത്തെ സമ്മേളനത്തിന് ഇന്നെലയാണ് തുടക്കമായത്. രോഗികളുടെ സുരക്ഷ മിക്കവാറും അപകടത്തിലാണെന്ന് 65 ശതമാനം നേഴ്സുമാരും അഭിപ്രായപ്പെടുന്നു എന്ന അതീവ ഗുരുതരമായ പ്രശ്നവും സമ്മേളനം മുന്നോട്ട് വച്ചു.
രാജ്യത്തെ എറ്റവും വലിയ നഴ്സസ് യൂണിയന് മുന്നോട്ടുവെച്ച മറ്റുരണ്ട് പ്രശ്നങ്ങള്‍ ആശുപത്രികളിലെ അമിത തിരക്കും ഒപ്പം ജീവനക്കാരുടെ എണ്ണത്തിലെ കുറവുമാണ്. നിലവിലെ ജീവനക്കാരുടെ എണ്ണം പല ഹോസ്പിറ്റലുകളിലും രോഗികളുടെ എണ്ണത്തിന് ആനുപാതികമല്ലെന്നും പല ഡെലഗേറ്റുകളും അഭിപ്രായപ്പെട്ടു.
അധിക മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമ്മര്‍ദ്ദവും താങ്ങാവുന്നതിലപ്പുറമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ജോലി മാറുനന്നതിനെ കുറിച്ചു പോലും ആലോചിക്കുന്നതായുള്ള അഭിപ്രായവും ഉയര്‍ന്നു. നാല്‍പ്പതിനായിരം അംഗങ്ങളുള്ള സംഘടനയുടെ 350 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം 2040 ലധികം നേഴ്സുമാരെ റിക്രൂട്ട് ചെയ്തതായും ഈ വര്‍ഷം ഇതുവരെ 867 പേരെ റിക്രൂട്ട് ചെയ്തതായുമാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് പറയുന്നത്.