ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ വിശ്വാസ്യത സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തുന്ന തീരുമാനവുമായി യൂറോപ്യന്‍ കമ്മീഷന്. ഔദ്യോഗിക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഉള്‍പ്പെടെയുള്ള ഒരു ഉപകരണത്തിലും ടിക് ടോക് ആപ്പ് ഉണ്ടാവാന്‍ പാടില്ലെന്നാണ് യൂറോപ്യന്‍ കമ്മീഷന് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ യൂറോപ്യന്‍ കമ്മീഷനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധാരണ ഉണ്ടായക്കുന്ന നിരാശാ ജനകമായ തീരുമാനമാണെന്നാണ് ടിക് ടോക്കിന്റെ പ്രതികരണം.
യൂറോപ്യന്‍ കമ്മീഷന് ഇത്തരത്തിലൊരു തീരുമാനം എടുത്ത സ്ഥിതിക്ക് മറ്റു പല കമ്പനികളും സര്‍ക്കാര്‍ ഏജന്‍സികളും സമീപഭാവിയില്‍ തന്നെ സമാനമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട് . ഇത് ടിക് ടോക്കിന്റെ യൂറോപ്പിലെ ബിസിനസിനെ തന്നെ കാര്യമായി ബാധിച്ചേക്കും.
യുക്രൈനെ ആക്രമിക്കുന്ന റഷ്യയുമായുള്ള ചൈനയുടെ ചങ്ങാത്തവും യൂറോപ്യന്‍ രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്.