അയര്‍ലണ്ടിലെ തൊഴില്‍ മേഖലയിലെ സുപ്രധാനമായ ഒരു മാറ്റമാണ് മിനിമം വേജ് രീതി എടുത്തു മാറ്റി ലീവിംഗ് വേജ് സമ്പ്രദായം നടപ്പിലാക്കുന്നത്. ഈ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. അടുത്ത വര്‍ഷം മുതല്‍ പ്രാബല്ല്യത്തിലാകുമെങ്കിലും 2026 മുതലാണ് ഇത് പൂര്‍ണ്ണ തോതില്‍ നടപ്പിലാക്കുന്നത്.
ശരാശരി വേതനത്തിന്റെ അറുപത് ശതമാനമായിരിക്കും ലീവിംഗ് വേജായി പരിഗണിക്കുക. 2023 ജനുവരി ഒന്നുമുതല്‍ മിനിമം വേജ് 11.30 ആക്കി ഉയര്‍ത്താന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ലീവിംഗ് വേജില്‍ എത്തണമെങ്കില്‍ അത് 13.10 യൂറോയില്‍ വരണം. ഇതാണ് ശരാശരി വേതനത്തിന്റെ 60 ശതമാനം.
ഇത്രയധികം തുക ഒന്നിച്ചുയര്ത്തുന്നത് സംരഭങ്ങളെ ബാധിക്കുമെന്നതിനാലാണ് 2026 ആകുമ്പോളേയ്ക്കും ശരാശരി വേതനത്തിന്റെ 60 ശതമാനം എന്ന നിലയിലേയ്ക്കെത്തിക്കാന്‍ തീരുമാനിക്കുന്നത്. അയര്‍ലണ്ട് സമൂഹത്തില്‍ ജീവിക്കാന്‍ ഒരു വ്യക്തിക്ക് വേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് ലീവിംഗ് വേജായി പരിഗണിക്കുന്നത്.