ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് സഹായഹസ്തവുമായി സര്‍ക്കാര്‍. ‘ഫസ്റ്റ് ഹോം സ്‌കീം എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 400 മില്ല്യണ്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. ആദ്യമായി വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ മുഴുവന്‍ വിലയുടെ മുപ്പത് ശതമാനമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
വീട് വാങ്ങാന്‍ ആഗ്രഹമുണ്ടായിട്ടും ഇതിനായുള്ള മുഴുവന്‍ തുകയും സംഘടിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കായാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് വരുമാന പരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
സര്‍ക്കാരും ബാങ്കുകളമുായി ചേര്‍ന്നാണ് സഹായം നല്‍കുന്നത്. അയര്‍ലണ്ടില്‍ താമസിക്കാന്‍ യോഗ്യതയുള്ള 18 വയസ്സിന് മുകളിലുള്ളവര്‍ക്കും ഒപ്പം ഫ്രഷ് സ്റ്റാര്‍ട്ട് അപേക്ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ ഒരു വീട് ഉണ്ടായിരിക്കുകയും എന്നാല്‍ ഇപ്പോള്‍ അതിന്‍മേല്‍ സാമ്പത്തീക താത്പര്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവരെയും ഫ്രഷ് സ്റ്റാര്‍ട്ട് അപേക്ഷകരായി പരിഗണിക്കും.
ഓരോ ഏരിയയിലും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയുടെ താഴെ വിലയുള്ള വീടുകള്‍ വാങ്ങുമ്പോഴാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. രണ്ട് പേര്‍ ചേര്‍ന്നാണ് വാങ്ങുന്നതെങ്കില്‍ രണ്ട് പേര്‍ക്കും നിബന്ധനകള്‍ ബാധകമായിരിക്കും.
ഈ പദ്ധതിയില്‍ പങ്കാളികളായ ബാങ്കില്‍ നിന്നുമായിരിക്കും വീടിനുവേണ്ടിയുള്ള വായ്പ എടുക്കേണ്ടത് എന്ന നിബന്ധനയും ഉണ്ട്. പുതുതായി പണി കഴിപ്പിച്ച വീടുകള്‍ വാങ്ങിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്ല്യങ്ങള്‍ ലഭിക്കുക.