അയര്‍ലണ്ടിലെ പാസ്പോര്‍ട്ട് എക്സ്പ്രസിന്റെ പേര് മാറ്റുന്നു. പോസ്റ്റ് പാസ്പോര്‍ട്ട് എന്നാണ് പുതിയ പേര്. വിദേശകാര്യ വകുപ്പും ആന്‍ പോസ്റ്റും സംയുക്തമായാണ് പേര് മാറ്റുന്നത്. പാസ്പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിച്ച് ഇഷ്യു ചെയ്യുന്നതില്‍ നിലവില്‍ ഏറെ കാലതാമസമുണ്ടാകുന്നുണ്ട്. ഇത്രയധികം താമസമെടുക്കുന്ന സാഹചര്യത്തില്‍ പാസ്പോര്‍ട്ട് എക്സ്പ്രസ് എന്ന പേര് അനുയോജ്യമാവില്ല എന്ന വിലയിരുത്തലാണ് പേര് മാറ്റത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍.
പാസ്പോര്‍ട്ട് എക്സ്പ്രസ് എന്ന പേര് കേള്‍ക്കുമ്പോള്‍ വേഗത്തില്‍ പാസ്പോര്‍ട്ട് ലഭിക്കുമെന്ന ധാരണയുണ്ടാകാനിടയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് വിവധകാരണങ്ങളാല്‍ കാലതാമസമേറെയാണ്. ഇപ്പോള്‍ തപാലിലൂടെ പാസ്പോര്‍ട്ട് ലഭിക്കാന്‍ കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലുമെടുക്കുമെന്നാണ് വിവരം.
എന്നാല്‍ പേര് മാറ്റിയതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. സംവിധാനം വേഗത്തിലാകുന്നതിന് പകരം പേര് മാറ്റുന്നത് പരിഹാസ്യമാണെന്നാണ് വിമര്‍ശനം.