കോവിഡ് സേവനത്തിന് നന്ദി ; അവധിയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 യൂറോയും

കോവിഡ് കാലത്തെ ജീവന്‍ പണയം വെച്ചുള്ള സ്തുത്യര്‍ഹ സേവനങ്ങള്‍ക്ക് രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1000 യൂറോ ബോണസാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ ആനുകൂല്ല്യം ലഭിക്കും. ഈ 1000 യൂറോയ്ക്ക് നികുതിയുണ്ടാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത. നഴിസിംഗ് ഹോമുകളിലേയും ഹോസ്പിറ്റലുകളിലേയും എല്ലാ ആരോഗ്യപ്രവര്‍ത്തകരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 18 ന് രാജ്യത്ത് പൊതു അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡില്‍ ജീവന്‍ വെടിഞ്ഞവരെ അനുസ്മരിക്കുന്നതിനായാണ് ഇത്. അവധിയുടെ ആനുകൂല്ല്യം എല്ലാ ജീവനക്കാര്‍ക്കും ലഭിക്കും. അന്നേ ദിവസം അനുസ്മരണ പരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 17 ന് സെന്റ് പാട്രിക് ഡേയാണ് ഇതിനോടനുബന്ധിച്ചാണ് മാര്‍ച്ച് 18 ന് ഒരു അവധി കൂടി നല്‍കിയത്.

കോവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ബോണസ് നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ കാലതാമസമുണ്ടായത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗാര്‍ഡ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ബോണസ് നല്‍കണമെന്നായിരുന്നു ആവശ്യമെങ്കിലും ഇത് അംഗീകരിച്ചിട്ടില്ല.

ആശുപത്രികളിലെ പോര്‍ട്ടര്‍മാര്‍, ക്ലീനര്‍മാര്‍, ആംബുലന്‍സ് തൊഴിലാളികള്‍, സ്വകാര്യ നഴ്‌സിംഗ് ഹോം ജീവനക്കാര്‍ ഇങ്ങനെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ആനുകൂല്ല്യം ലഭിക്കും.

Share This News

Related posts

Leave a Comment