ക്രിസ്മസിലേയ്ക്ക് ഇനി അവശേഷിക്കുന്നത് പത്ത് ദിവസങ്ങള്‍ കൂടിയാണ്. രാജ്യത്ത് നിന്നും പുറത്തുവരുന്ന കോവിഡ് വിവരങ്ങളൊന്നും അത്ര ശുഭകരമല്ലതാനും. ഒമിക്രോണ്‍ വകഭേദമടക്കം കോവിഡിന്റെ വ്യാപനതോത് വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ രംഗത്ത് വന്നിരിക്കുന്നത്. ക്രിസ്മസ് ഈവനിംഗും ഒപ്പം ക്രിസ്മസ് ദിവസവും ഐസൊലേഷനില്‍ ആവാതിരിക്കാന്‍ കര്‍ശന ജാഗ്രത എല്ലാവരും പാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
പരമവാധി കൂട്ടംചേരലുകള്‍ ഒഴിവാക്കിയും ആഘോഷപരിപാടികളിലടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും. രോഗവ്യാപനം വര്‍ദ്ധിക്കാതെ നോക്കണമെന്നും ഒരോരുത്തരും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണമെന്നുമാണ് ഹോളോഹാന്റെ മുന്നറിയിപ്പ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, സാമൂഹിക സമ്പര്‍ക്കം പരമാവധി കുറയ്ക്കുക, അത്ര അത്യാവശ്യ സാഹചര്യമല്ലെങ്കില്‍ വര്‍ക്ക് ഫ്രം ഹോം തുടരുക, എന്നിവയും മുന്‍കരുതലുകളില്‍ പ്രാധാനമാണ്. രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യുന്ന കോവിഡ് കേസുകളുടെ 13 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടാവുകയും രോഗലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്താല്‍ സെല്‍ഫ് ഐസൊലേഷന്‍ നിര്‍ബന്ധമാണ്. കോവിഡ് സ്ഥിരീകരിച്ചാലും ക്വാറന്റീനില്‍ കഴിയേണ്ടിവരും. ഇങ്ങനെ ഇക്കൊല്ലത്തെ ക്രിസ്മസ് ദിവസങ്ങള്‍ ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യവകുപ്പും ഓര്‍മ്മിപ്പിക്കുന്നു.