അയർലണ്ടിലെ മലയാളികൾക്ക് ഇനി നാട്ടിൽ പോകുമ്പോൾ ദുബായിൽ ഇറങ്ങാം. യു.കെയിലും യൂറോപ്യൻ രാജ്യങ്ങളിലും താമസവിസയുള്ള ഇന്ത്യക്കാർക്ക് ദുബായിൽ ഓൺ അറൈവൽ വിസ ലഭ്യമാക്കിത്തുടങ്ങി. ഇതിനായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ കൗണ്ടറുകൾ തുറന്നു കഴിഞ്ഞു. സന്ദർശകരുടെ പാസ്പോർട്ടിനു ആറു മാസമെങ്കിലും കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്.
ആദ്യഘട്ടത്തിൽ 14 ദിവസത്തെ വീസയാണ് അനുവദിക്കുന്നത്. ഇതിന് 100 ദിർഹം പ്രവേശന ഫീസും, 20 ദിർഹം സേവന ഫീസും ഈടാക്കും. ഓൺ അറൈവൽ വീസ കൂടുതൽ ദിവസത്തേക്ക് ആവശ്യമുള്ളവർക്ക് നീട്ടിയെടുക്കാൻ ആവശ്യമുള്ളവർക്ക് അതിനു കഴിയും. 28 ദിവസത്തേക്ക് നീട്ടുന്ന വീസയ്ക് 250 ദിർഹമാണ് ഫീസ്.
വിമാനത്താവളത്തിലെ മർഹബാ സർവീസ് ഡെസ്കിലാണ് ഫീസ് അടയ്ക്കേണ്ടത്. അതേസമയം, വിസിറ്റ് വീസ കാലാവധി കഴിഞ്ഞു രാജ്യത്തു തുടരുന്നവരിൽ നിന്നും പ്രതിദിനം 100 ദിർഹം വീതം പിഴ ഈടാക്കും.