കോവിഡ് 19 നിയന്ത്രണം മൂലം കഴിഞ്ഞമാസം അയർലണ്ടിലെ എല്ലാ ഡെബൻഹാംസ് ഔട്ട് ലെറ്റുകളും താത്കാലികമായി അടച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായ ഒരു തീരുമാനമാണ് ഇപ്പോൾ കമ്പനി പുറത്തു വിട്ടിരിക്കുന്നത്.
ലോക്ക് ഡൗൺ സമയ പരിധിക്ക് ശേഷവും ഡെബൻഹാംസ് അവരുടെ ഒരു ഔട്ട് ലെറ്റും അയർലണ്ടിൽ പുനഃരാരംഭിക്കില്ല. അയർലണ്ടിൽ പതിനൊന്ന് ഔട്ട് ലെറ്റുകളാണ് ഉണ്ടായിരുന്നത്.
ഡബ്ലിൻ, കോ കിൽഡെയർ കൗണ്ടിയിലെ ന്യൂബ്രിഡ്ജ്, ഗോൾവേ, ലിമെറിക്ക്, ട്രാലി, കോർക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലായിരുന്നു ഔട്ട് ലെറ്റുകൾ പ്രവർത്തിച്ചിരുന്നത്.
ഉയർന്ന വാടകയാണ് കമ്പനിക്ക് തുടർന്ന് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാരണമെന്ന് പറയുന്നു. എന്നാൽ, “നെക്സ്റ്റ്” പോലുള്ള പല വസ്ത്ര വില്പന കമ്പനികളും അവരുടെ ഔട്ട് ലെറ്റുകൾ ക്രമേണയായി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഓരോരോ ഔട്ട് ലെറ്റുകളായി അടച്ചു തുടങ്ങിയിരുന്നു. കൂടുതലായി ഓൺലൈൻ ഷോപ്പിംഗിലേയ്ക്ക് മാറാനാണ് ഈ വിധത്തിലുള്ള വമ്പൻ കമ്പനികൾ ശ്രമിക്കുന്നത്. ഭീമമായ വാടകയിനത്തിലും ജോലിക്കാരുടെ ശമ്പളത്തിലുമുള്ള വലിയ ഒരു ചെലവ് തന്നെ വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് കമ്പനികൾ ഓൺലൈൻ വില്പനയിലൂടെ ഉദ്ദേശിക്കുന്നത്.