അയർലണ്ടിലെ കൊറോണ ഭീതി ഉയരുന്നു എന്ന തോന്നൽ അയർലൻഡ് നിവാസികളെ ആവശ്യ സാധനങ്ങളും ഭക്ഷണ പദാർത്ഥങ്ങളും അമിതമായി വാങ്ങി അവരവരുടെ വീടുകളിൽ സൂക്ഷിക്കാൻ പ്രേരിപ്പിച്ചു തുടങ്ങി.
ഇന്നലെ ഡബ്ലിനിലെ ഒരു സ്കൂൾ അടച്ചതോടെയാണ് ഭീതി കൂടിയത്. മറ്റൊരിടത്തും ഇതുവരെ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ആളുകൾ ഭയചകിതരാണെന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ.
ഇന്നലെ വൈകിട്ടോടുകൂടി ലിഡിൽ, ആൽഡി, ടെസ്കോ, ഡൺസ്, മലയാളി സൂപർ മാർക്കറ്റുകളിലും വൻ തിരക്കനുഭവപ്പെട്ടു.
പാസ്ത, ക്യാൻ ഫിഷ് പോലുള്ള ദീർഘകാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഭക്ഷണ പദാർഥങ്ങളാണ് ആളുകൾ കൂടുതലായും വാങ്ങിക്കൂട്ടുന്നത്.
ഏഷ്യൻ (മലയാളി) കടകളിൽ ആട്ടയും, അരിയും പയർ വർഗങ്ങളുമാണ് കൂടുതലായും വില്പന നടന്നത് എന്നാണ് അറിയുന്നത്.
മെഡിക്കൽ സ്റ്റോർ
മെഡിക്കൽ സ്റ്റോറുകളിൽ സനിറ്റീസിങ് വൈപ്സ്, സാനിറ്റിസിങ് ജെൽ, ഫേസ് മാസ്ക്, ന്യൂറോഫെൻ, പാരസെറ്റമോൾ തുടങ്ങിയവ അന്വേഷിച്ചെത്തുന്നവരും അധികമാണ്. ചില മെഡിക്കൽ സ്റ്റോറുകളിൽ സനിറ്റീസിങ് വൈപ്സ്, സാനിറ്റിസിങ് ജെൽ എന്നിവയുടെ സ്റ്റോക്ക് മുഴുവനായും തീർന്നതായും റിപ്പോർട്ട് ഉണ്ട്.
ഡബ്ലിനിലാണ് ഇത്തരമൊരു ഭീതി നിലവിൽ ഉള്ളത്. മറ്റിടങ്ങളിൽ ഈ പ്രവണത ഇതുവരെ ഗണ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.