അയർലണ്ടിൽ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ സ്ഥിതി മോശമാവുകയാണെന്ന് വേണം മനസിലാക്കാൻ. ഒരാഴ്ചയ്ക്കുള്ളിൽ പൂജ്യം നിന്ന് തുടങ്ങി ഇപ്പോൾ 18 കേസുകളാണ് ഇന്നലെ രാത്രിവരെയുള്ള കണക്ക് പ്രകാരം അയർലണ്ടിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഇന്നലെ രാത്രി അഞ്ച് പുതിയ കേസുകൾ പ്രഖ്യാപിച്ചതോടെയാണ് സംഖ്യ 18 ആയി ഉയർന്നത്. ഈ രോഗികളെല്ലാം ഇവരെല്ലാം ആശുപത്രികളിലെ ഐസൊലേഷൻ യൂണിറ്റുകളിൽ ചികിത്സയിലാണ്.
ഏഴ് കേസുകൾ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തും, മറ്റ് ഏഴുപേർ രാജ്യത്തിന്റെ കിഴക്ക് ഭാഗത്തും നാല് രോഗികൾ തെക്ക് ഭാഗത്തുമാണുള്ളത്. അതായത്, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൊറോണാ വൈറസ് നിലവിൽ പടർന്നിരിക്കുന്നു എന്ന് വേണം മനസിലാക്കാൻ. ഇതിനെ തുടർന്നാണ് രാജ്യത്തെ 22 ആശുപത്രികളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതും.
ജനങ്ങളോട് കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.