അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ ജനങ്ങളിലേയ്ക്ക് ഗവണ്‍മെന്റ് ഉദ്ദേശിച്ച രീതിയില്‍ തന്നെ എത്തുന്നുണ്ടെന്നും കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകുന്നതായും പഠന റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് സര്‍വ്വീസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പോള്‍ റീഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ നവംബറില്‍ 45 % ആളുകളാണ് തങ്ങള്‍ ഉറപ്പായും വാക്‌സിന്‍ എടുക്കും എന്ന് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ രാജ്യത്തെ 70% ആളുകള്‍ക്കും വാക്‌സിനില്‍ വിശ്വാസമാണെന്നും ഇവര്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 17% ആളുകള്‍ വാക്‌സിന്‍ ഒരു പക്ഷെ എടുത്തേക്കും എന്ന നിലപാടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 85 വയസ്സിന് മുകളിലുള്ളവരില്‍ 96 % ആളുകളും 80 മുതല്‍ 84 വയസ്സ് വരെയുള്ളവരില്‍ 99% ആളുകളും 70 മുതല്‍ 79 വയസ്സ് വരെയുള്ളവരില്‍ 97 % ആളുകളും 74 മുതല്‍ 75 വയസ്സ് വരെയുള്ളവരില്‍ 92% ശതമാനം ആളുകളും 60 മുതല്‍ 69 വയസ്സ് വരെയുള്ളവരില്‍ 73% ആളുകളും 50 മുതല്‍ 59 വരെ പ്രായ പരിധിയില്‍ 26.5% ആളുകളും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും പോള്‍ റീഡ് പറഞ്ഞു.
260,000 മുതല്‍ 280,000 വരെ വാക്‌സിനുകളാണ് അടുത്തയാഴ്ച വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനെടുക്കുന്നവരില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാത്തതും രോഗവ്യാപനം കുറയുന്നതുമാണ് കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിനില്‍ വിശ്വാസമുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.