അയര്‍ലണ്ടില്‍ തൊഴിലാളികള്‍ക്ക് ജോലിയും ജീവിതവും ഒന്നിച്ചുകൊണ്ടുപോകാന്‍ പുതിയ നിയമനിര്‍മ്മാണം വരുന്നു. വീട്ടിലെ അടിയന്തരാവശ്യങ്ങള്‍ക്കായി അവധി നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വീട്ടില്‍ കുട്ടികള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു അസുഖം വന്നാല്‍ ആ ദിവസത്തെ ശമ്പളം വേണ്ട എന്നു പറഞ്ഞാല്‍ പോലും പല തൊഴിലിടങ്ങളിലും അവധി ലഭിക്കാറില്ല. ഈ അവസ്ഥയ്ക്കാണ് പരിഹാരമാവുന്നത്.
കൊച്ചു കുട്ടികള്‍ക്കോ അല്ലെങ്കില്‍ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലുമോ രോഗങ്ങളൊ മറ്റോ വന്നാല്‍ ആ ദിവസങ്ങളില്‍ തൊഴിലാളിക്ക് അവധി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാകും അഞ്ച് ദിവസം വരെയാണ് ഇങ്ങനെ അവധി ലഭിക്കുക. എന്നാല്‍ ഈ ദിവസങ്ങളില്‍ ശമ്പളം ലഭിക്കില്ല. ഇതു സംബന്ധിച്ച നിയമം കാബിനറ്റിന്റെ പരിഗണനയിലാണ്.
ചെറിയ കുട്ടികളെയോ ബന്ധുക്കളെയോ പരിപാലിക്കാന്‍ ബാധ്യതയുള്ള ജീവനക്കാര്‍ക്ക് കുറഞ്ഞ ജോലി സമയമോ, ജോലി സമയം അതനുസരിച്ച് ക്രമീകരിക്കാനോ തൊഴിലുടമയോട് ആവശ്യപ്പെടാന്‍ കഴിയും. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് ദിവസവും ഓരോ മണിക്കൂര്‍ വീതം ശമ്പളത്തോട് കൂടി അവധിയെടുക്കന്നതിനുള്ള കാലാവധി ആറുമാസത്തില്‍ നിന്നും രണ്ട് വര്‍ഷത്തേയ്ക്ക് ഉയര്‍ത്തും.
കുടുംബാംഗങ്ങളെയോ കുട്ടികളെയോ പരിചരിക്കുന്നതിനായി ജോലി സമയം ക്രമീകരിക്കേണ്ട ആവശ്യമുള്ളവര്‍ ആറ് മാസത്തിന് മുമ്പ് അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച് നാല് മാസത്തിനുള്ളില്‍ തൊഴിലുടമ ഇക്കാര്യത്തില്‍ മറുപടി നല്‍കണം.