ഉപഭോക്താക്കളില്‍ നിന്നും അധികമായി വാങ്ങിയ പണം തിരികെ നല്‍കാനൊരുങ്ങി വോഡഫോണ്‍. 2.1 മില്ല്യണ്‍ യൂറോയാണ് തിരികെ നല്കാന് കമ്പനി ആലോചിക്കുന്നത്. തങ്ങളുടെ സിം കാര്‍ഡ് ക്യാന്‍സല്‍ ചെയ്തതിന് ശേഷവും ഈടാക്കിയ പണവും ഒപ്പം ക്യാന്‍സല്‍ ചെയ്ത സിം കാര്‍ഡുകളില്‍ അധികമായി ഉണ്ടായിരുന്ന ബാലന്‍സുമാണ് തിരികെ നല്‍കുന്നത്.
ടെലകോം റെഗുലേറ്ററുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വോഡഫോണ്‍ തന്നെ തങ്ങളുടെ ബില്ലിംഗ് സിസ്റ്റത്തില്‍ പരിശോധനയിലാണ് പണം തിരികെ നല്കാന് തീരുമാനിച്ചത് രണ്ടിനത്തിലുമായി ഏതാണ്ട് 74000 ത്തോളം ഉപഭോക്താക്കള്‍ക്കാണ് പണം തിരികെ നല്‍കാനൊരുങ്ങുന്നത്. ഏകദേശം 1.3 മില്ല്യണ്‍ യൂറോയാണ് ക്യാന്സലേഷന് ശേഷം കസ്റ്റമേഴ്സില്‍ നിന്നും ഈടാക്കിയിട്ടുള്ളത്.
790,000 യൂറോയോളം ക്യാന്‍സല്‍ ആയ അക്കൗണ്ടുകളില്‍ ബാലന്‍സും ഉണ്ടായിരുന്നു. 2023 ഫെബ്രുവരിയ്ക്ക് മുമ്പ് പണം തിരികെ നല്‍കാനാണ് കമ്പനിയുടെ പദ്ധതി. പണം തിരികെ ലഭിക്കാന്‍ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് കമ്പനി ഇ മെയില്‍ വഴി വിവരം നല്‍കും . ഇതിനു ശേഷം 90 ദിവസത്തിനുള്ളില്‍ പേയ്സോണ് ടെര്‍മിനലുകള്‍ വഴി പണം ലഭിക്കും. ഇതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം ഇ മെയിലിലുണ്ടാവും.