രാജ്യത്തെ വാക്സിന് വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ അവസാനത്തോടെ വാക്സിന് ആവശ്യമുള്ള 16 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുമെന്നും ക്യാബിനറ്റ് വ്യക്തമാക്കി. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ്കേസുകളില്‍ ഡെല്‍റ്റാ വകഭേദം കൂടുതലുള്ളതിനാല്‍ ഇതിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വാക്സിന് വിതരണം അതിവേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ഡെല്‍റ്റാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗവണ്മെന്റ് നിര്‍ദ്ദേശിച്ചു.
12 മുതല്‍ 15 വരെ പ്രായക്കാര്‍ക്ക് വാക്സിന് നല്‍കാമോ എന്ന കാര്യവും ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇതോടൊപ്പം ബൂസ്റ്റര്‍ ഷോട്ട് ആവശ്യമുണ്ടോ എന്നതും വിദഗ്ദരുടെ പരിഗണനയിലാണ്. ഫൈസര്‍ വാക്സിന് 12 വയസ്സുമുതലുള്ളവര്‍ക്ക് നല്കാന് സാധിക്കുമോ എന്നതാണ് ദേശിയ രോഗ പ്രതിരോധ ഉപദേശക സമിതിയുടെ മുമ്പില്‍ ഇപ്പോഴുള്ള കാര്യം. മൊഡേണ വാക്സിനും ഇതു സംബന്ധിച്ചുള്ള അനുമതിക്കായി യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയെ സമീപിച്ചിട്ടുണ്ട്.
12 വയസ്സിനു താഴെയുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന മാനദണ്ഡം എടുത്തുകളയാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച വാക്സിന് തന്നെ രണ്ടാം ഡോസും നല്‍കണോ അതോ മറ്റു വാക്സിനുകള്‍ നല്‍കാമോ എന്ന കാര്യത്തിലും പഠനങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 4.73 മില്ല്യണ്‍ വാകിസിനുകളാണ് വിതരണം ചെയ്തത്. വാക്സിന് സ്വീകരിക്കാന്‍ യോഗ്യരായ ജനസംഖ്യയുടെ 71 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്സിനും 56 ശതമാനം ആളുകള്‍ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു.