രാജ്യത്ത് 12-15 പ്രായപരിധിയില്‍പെട്ടവര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കും. രണ്ടാഴ്ചയ്ക്കകം ഇവരിലേയ്ക്ക് വാക്‌സിന്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ കോം ഹെന്‍ട്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്കായുള്ള ബുക്കിംഗ് സൗകര്യം വാക്‌സിനേഷന്‍ പോര്‍ട്ടലില്‍ ഉടന്‍ തുടങ്ങുമെന്നും ഇതിന്റെ അവസാന ഘട്ടത്തിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12-15 പ്രായപരിധിയിലെ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്റെ കാര്യത്തില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കും. കുട്ടികളുടേയും രക്ഷിതാക്കളുടേയും സമ്മതത്തോടെയായിരിക്കും ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുക. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ആരോഗ്യവകുപ്പ് ബോധവത്ക്കരണം നല്‍കും. ആരോഗ്യ വകുപ്പിന്റെ ഐടി സിസ്റ്റത്തിലും ഈ പ്രായപരിധിക്കാരെ ഉള്‍ക്കൊള്ളുവാനുള്ള അവസാനഘട്ട അഴിച്ചുപണികള്‍ നടക്കുകയാണ്.
12-15 പ്രായപരിധിയില്‍പ്പെട്ട ഏകദേശം 280,000 കുട്ടികളാണ് രാജ്യത്ത് വാക്‌സിനേഷന് അര്‍ഹരായിട്ടുള്ളത്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ക്ക് ഫൈസര്‍ വാക്‌സിനായിരിക്കും നല്‍കുക.. രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് പോയി വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്ന കൂടുതല്‍ സെന്ററുകള്‍ ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ തുറക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് കോളേജുകള്‍ തുറക്കാനുള്ള പദ്ധതി കൂടി മുന്നില്‍ കണ്ടാണ്.