അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം

മറ്റു രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തി കൃത്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ ഇതുവരെ നിയമപരമായി താമസാനുമതി ലഭിക്കാത്തവര്‍ക്ക് ഇന്നുമുതല്‍ ഇതിനായി അപേക്ഷിക്കാം. തുടര്‍ച്ചയായി നാല് വര്‍ഷം അയര്‍ലണ്ടില്‍ താമസിച്ചവര്‍ക്കാണ് പ്രത്യേക പദ്ധതിയിലൂടെ സര്‍ക്കാര്‍ താസമാനുമതിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

നാല് വര്‍ഷത്തിനിടയില്‍ പരമാവധി 90 ദിവസം അടിയന്തര ആവശ്യങ്ങള്‍ക്ക് രാജ്യം വിട്ടു നിന്നിട്ടുണ്ടെങ്കിലും അപേക്ഷിക്കുന്നതില്‍ തടസ്സമില്ല. 3000 കുട്ടികളടക്കം 17000 ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. അപേക്ഷകര്‍ക്ക് തങ്ങളുടെ പങ്കാളിയേയും 23 വയസ്സുവരെയുള്ള മക്കളെയും അപേക്ഷയില്‍ ഉള്‍പ്പെടുത്താം.

അംഗീകരിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദവും ഭാവിയില്‍ പൗരത്വത്തിനുള്ള അവസരവും ലഭിക്കുന്നതാണ്. ജൂലൈ 31 വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഒരാള്‍ തന്നെ അപേക്ഷിക്കുന്നതിന് 550 യൂറോയും കുടുംബമായുള്ള അപേക്ഷകള്‍ക്ക് 700 യൂറോയുമാണ് ഫീസ്.

Share This News

Related posts

Leave a Comment