ടെസ്‌കോയുടെ ആദ്യ ചെക്ക് ഔട്ട് ഫ്രീ സ്റ്റോര്‍ ലണ്ടനില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ബ്രിട്ടനിലെ റീട്ടെയ്ല്‍ ഭീമന്‍മാരായ ടെസ്‌കോ അതിന്റെ ആദ്യ ചെക്ക് ഔട്ട് ഫ്രീ റീട്ടെയ്ല്‍ ഷോപ്പ് ആരംഭിച്ചു. സെന്‍ട്രല്‍ ലണ്ടനിലാണ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സ്റ്റോറിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ എടുത്ത് ഈ സാധനങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ നില്‍ക്കാതെ തന്നെ പുറത്തേയ്ക്ക് പോകാം എന്നാണ് ഈ ഷോപ്പിന്റെ പ്രത്യേകത. നേരത്തെ ആമസോണ്‍ ഇതേ രീതിയിലുള്ള സ്‌റ്റോറുകള്‍ ആരംഭിച്ചിരുന്നു,

ഇതിനായി ഒരു ആപ്ലിക്കേഷനും മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. കസ്റ്റമേഴ്‌സ് എടുക്കുന്ന സാധനങ്ങളുടെ പേയ്‌മെന്റ് ആപ്പില്‍ നിന്നും ഓട്ടോമാറ്റിക് ആയി നടക്കും. സ്റ്റോറിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളും വെയിറ്റ് സെന്‍സറുകളുമാണ് ഓരോരുത്തരും എടുക്കുന്ന സാധനങ്ങളുടെ പേയ്‌മെന്റ് കണക്ക് കൂട്ടുന്നത്. ആപ്ലിക്കേഷന്‍ മൊബൈലില്‍ ഉണ്ടെങ്കില്‍ സ്‌റ്റോറില്‍ വരുക, സാധനങ്ങള്‍ എടുക്കുക, തിരികെ പോവുക ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്.

ഇതിനായുള്ള ടെക്‌നോളജി ടെസ്‌കോയ്ക്ക് വികസിപ്പിച്ച് നല്‍കിയത് ഇസ്രയേലില്‍ നിന്നുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്രിഗോയാണ്. ട്രിഗോ ജര്‍മ്മനിയിലും നെതര്‍ലണ്ടിലും വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഈ ടെക്‌നോളജി നല്‍കുന്നുണ്ട്. ഉപഭോക്താക്കളുടെ സമയം ലാഭിക്കുക എന്നതാണ് കമ്പനി പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ടെസ്‌കോ മാനേജിംഗ് ഡയറക്ടര്‍ കെവിന്‍ ടിന്‍ഡാള്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ പ്രതികരണം പഠിച്ചശേഷം ഇതേ രീതിയിലുള്ള കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആമസോണിന് ബ്രിട്ടനില്‍ ഏഴോളം ചെക്ക് ഔട്ട് ഫ്രീ സ്റ്റോറുകള്‍ ഉണ്ട്. 2018 ല്‍ അമേരിക്കയിലാണ് ആമസോണ്‍ ആദ്യ സ്‌റ്റോര്‍ ആരംഭിച്ചത്.

Share This News

Related posts

Leave a Comment