അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. പുതുതായി ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് പല ടാക്‌സി കമ്പനികളും പറയുന്നു. സ്വയം ഈ മേഖലയിലേയ്ക്ക് എത്തുന്നവരും കുറവാണ്. പുതിയ ഡ്രൈവര്‍മാരെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് ‘ബിഗ് ഒ ടാക്‌സി’ കമ്പനിയുടെ ഉടമ ഫ്രാങ്ക് ഫാഹി പറഞ്ഞു. കോവിഡിനെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ കാലത്ത് ഈ മേഖല ഉപേക്ഷിച്ച് പലരും മറ്റു ജോലികളിലേയ്ക്ക് കടന്നതും ഇവര്‍ തിരിച്ചെത്താത്തതുമാണ് കാരണം.
യുവജനങ്ങള്‍ ഈ ജോലി തെരഞ്ഞെടുക്കാന്‍ മനസ്സ് കാണിക്കുന്നില്ലെന്നും ഉയര്‍ന്ന ഇന്‍ഷുറന്‍സും ഇന്ധനവിലയും ഈ ജോലിയില്‍ നിന്നും പിന്തിരിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളും ഒരു പരിധിവരെ ആളുകളെ ഈ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നും അയര്‍ലണ്ടിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ആളുകളെ കിട്ടാനില്ലാത്ത ദിവസങ്ങളില്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വരുന്നു എന്നും ഇത്രയും സമയം മറ്റു ജോലികള്‍ ചെയ്താല്‍ കൂടുതല്‍ വരുമാനം സമ്പാദിക്കാമെന്നുമാണ് ജോലി ഉപേക്ഷിച്ച ആളുകള്‍ പറയുന്നത്.