ഫാസ്റ്റ് ഫുഡ് വമ്പന്‍മാരായ സൂപ്പര്‍മാക്‌സ് വിദേശ റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു

അയര്‍ലണ്ടില്‍ ജോലി തേടുന്നവര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത കൂടി. അയര്‍ലണ്ടില്‍ ഫാസ്റ്റ്ഫുഡ് റസ്‌റ്റോറന്റ് രംഗത്തെ അതികായന്‍മാരായ സൂപ്പര്‍മാക്‌സാണ് വിദേശ ജോലിക്കാര്‍ക്കായി വാതില്‍ തുറന്നിരിക്കുന്നത്. ഒഴിവുകളിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നും അപേക്ഷകള്‍ കുറഞ്ഞിരിക്കുന്നതിനാലാണ് കമ്പനി ഇത്തരമൊരു തീരുമാനത്തിലയ്‌ക്കെത്തുന്നതെന്ന് ഉടമ പാറ്റ് മാക് ഡൊനാഗ് പറഞ്ഞു.

നിലവില്‍ ജീവനക്കാരുടെ കുറവ് മൂലം ആഴ്ചയിലെ എല്ലാദിവസവും ചില ഔട്ട് ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് വിദേശത്ത് നിന്നും ആളെ നിയമിക്കാനൊരങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായി നൂറിലധികം റസ്‌റ്റോറന്റുകളാണ് സൂപ്പര്‍മാക്‌സിനുള്ളത്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 100 പേരെയാണ് യൂറോപ്പില്‍ നിന്നും കമ്പനി റിക്രൂട്ട് ചെയ്തത്. യൂറോപ്പില്‍ തന്നെ പിആര്‍ ഉള്ളവരെയാണ് ഇനിയും റിക്രൂട്ട് ചെയ്യാന്‍ ഉ്‌ദ്ദേശിക്കുന്നത്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് വിവിധ ജോലികള്‍ക്കായി എത്തി പിആര്‍ സമ്പാദിക്കുന്ന മലയാളികളടക്കമുള്ളവര്‍ നിരവധിയാണ്.

ഇത്തരം ജോലികള്‍ക്ക് ആളെ ലഭിക്കാതെ വരുന്ന അവസ്ഥ തുടര്‍ന്നാല്‍ യൂറോപ്പിനും പുറത്തു നിന്നുള്ള റിക്രൂട്ട്‌മെന്റിനും കമ്പനി മുതിര്‍ന്നേക്കും. മറ്റ് കമ്പനികളും ഈ വഴി സ്വീകരിച്ചാല്‍ ഒരു പക്ഷെ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് അവസരങ്ങളുടെ അക്ഷയ ഖനിയാവും അയര്‍ലണ്ടില്‍ ഒരുങ്ങുക.

Share This News

Related posts

Leave a Comment