മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള “ബാര” കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ട് കനത്ത ജാഗ്രയില്‍. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ യുദ്ധസാമാനമായ സന്നാഹങ്ങളാണ് സ്റ്റേറ്റ് എമര്‍ജന്‍സി ടീം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ റെഡ് , ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് ജാഗ്രത നിര്‍ദ്ദേശം.
ക്ലെയര്‍ , കോര്‍ക്ക് , കെറി എന്നി മേഖലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലിമെറിക് , വാട്ടര്‍ ഫോര്‍ഡ് ഗാള്‍വേ, മേയോ ,ഡബ്ലിന്‍ , ലൗത്, വിക്ലോ, മീത്ത് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മറ്റ് കൗണ്ടികളിലെല്ലാം യെല്ലൊ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന കൗണ്ടികളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൊടുങ്കാറ്റിനൊപ്പം ശക്തമായ മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ഇതിനാല്‍ തന്നെ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. അപകടങ്ങളുണ്ടായാല്‍ എമര്‍ജന്‍സ് നമ്പറുകളില്‍ ഉടന്‍ വിളിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.