രാജ്യത്ത് 2022 മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും വര്‍ഷം നിശ്ചിത ദിവസം ശമ്പളത്തോടുകൂടിയ സിക്ക് ലീവ് അനുവദിക്കുന്നതിനുള്ള ഗവണ്‍മെന്റ് നീക്കം സംബന്ധിച്ച് ഇന്നലെ ഐറിഷ് വനിത റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിക്ക് ലീവ് ഉറപ്പാക്കുന്നതിനുള്ള ഉപപ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കി.
2025 ല്‍ പൊതു – സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും കുറഞ്ഞത് പത്ത് ദിവസത്തെ സിക്ക് ലീവ് അനുവദിക്കണമെന്നാണ് ക്യബിനറ്റ് അംഗീകാരം നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. 2022 മുതല്‍ നാല് വര്‍ഷങ്ങളില്‍ ക്രമേണയാണ് ഇത് പത്ത് ദിവസത്തിലേയ്ക്ക് ഉയര്‍ത്തേണ്ടത്.
2022 ല്‍ മൂന്ന് ദിവസം കുറഞ്ഞത് സിക്ക് ലീവ് അനുവദിക്കണം. 2023 ല്‍ ഇത് അഞ്ചായി ഉയര്‍ത്തണം. 2024 ല്‍ ഏഴ് സിക്ക് ലീവുകളാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്. ഇങ്ങനെ 2025 ല്‍ എത്തുമ്പോള്‍ സിക്ക് ലീവ് ഒരു വര്‍ഷം പത്ത് ദിവസമായി ഉയര്‍ത്തണം.
കമ്പനികള്‍ക്ക് ഇത് അധിക ചെലവ് വരുത്തുമെന്നതിനാല്‍ ഇത് മാനേജ് ചെയ്യാനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യുന്നതിനായാണ് നാല് വര്‍ഷം നല്‍കിയിരിക്കുന്നത്. രാജ്യത്ത് പല തൊഴില്‍ ദാതാക്കളും നിലവില്‍ ശമ്പളത്തോടുകൂടിയ സിക്ക് ലീവ് അനുവദിക്കുന്നില്ല. ഇതിനാലാണ് ഇത് സര്‍ക്കാര്‍ തന്നെ നിര്‍ബന്ധമാക്കേണ്ട സാഹചര്യമുണ്ടായത്.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേകിച്ച് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു രോഗമുണ്ടായാല്‍ അതിന്റെ പേരില്‍ ആ ദിവസങ്ങളിലെ മുഴുവന്‍ ശമ്പളവും നഷ്ടമാകാതിരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ലിയോ വരദ്ക്കര്‍ പറഞ്ഞു. ഈ മഹാമാരിക്കാലത്തെ ഒരു നല്ല തീരുമാനമായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.