രാജ്യത്ത് വാടകയ്ക്ക് വീടുകള്‍ ലഭിക്കുന്നതിനുള്ള ക്ഷാമത്തിന് ചെറിയ പരിഹാരമാവുമെന്ന് സൂചന. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഷോര്‍ട്ട് ടേം ലെന്‍ഡിംഗ് സിസ്റ്റം നടപ്പിലാവുന്നതോടെ കൂടുതല്‍ വീടുകള്‍ ലഭ്യമായേക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഹ്രസ്വകാല വാടകയ്ക്ക് വീടുകള്‍ നല്‍കാന്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിയമം.
ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാതെ ഹ്രസ്വകാല വാടകയ്ക്ക് നല്‍കാന്‍ പരസ്യം നല്‍കിയാല്‍ ആദ്യ ഘടത്തില്‍ 300 യൂറോയും ഡിസ്ട്രിക് കോര്‍ട്ട് വരെ പോകേണ്ട സാഹചര്യമുണ്ടായാല്‍ 5000 യൂറോയുമാണ് വീട്ടുടമയ്ക്ക് പിഴ ലഭിക്കുക. പരസ്യം നല്‍കുന്ന വെബ്‌സൈറ്റുകളും 5000 യൂറോ പിഴയോടുക്കേണ്ടി വരും.
വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ നമ്പര്‍ വേണമെന്നും നിയമമുണ്ട്. ഹ്രസ്വകാല വാടകകള്‍ക്ക് ഇത്രയും നിബന്ധനകള്‍ വരുന്നതോടെ ആളുകള്‍ വീടുകള്‍ ദീര്‍ഘകാല വാടകയ്ക്ക് നല്‍കാന്‍ തയ്യാറാകും എന്നാണ് കണക്ക് കൂട്ടല്‍. കുറഞ്ഞത് 12000 വീടുകളെങ്കിലും ദീര്‍ഘ കാലത്തേയ്ക്ക് വാടകയ്ക്ക് നല്‍കാന്‍ ലഭ്യമാകുമെന്നാണ് നിഗമനം.