ബ്രെക്‌സിറ്റിന് ശേഷവും ഓണ്‍ലൈനായി യുകെ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ അയര്‍ലണ്ടില്‍ കുറവല്ല. എന്നാല്‍ ഇന്നുമുതല്‍ ഇങ്ങനെയുള്ള പര്‍ച്ചേസുകള്‍ക്ക് ചിലവ് കൂടും. ബ്രിട്ടന്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഏത് രാജ്യത്ത് നിന്നും സാധനങ്ങള്‍ വാങ്ങിയാലും അവയ്ക്ക് വാറ്റ് നല്‍കണം എന്ന നിയമം ഇന്നുമുതല്‍ നിലവില്‍ വരികയാണ്. നിലവില്‍ യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നും അയര്‍ലണ്ടിലേയ്ക്ക് വാങ്ങുന്ന സാധനങ്ങള്‍ക്ക് വില 22 യൂറോയില്‍ താഴെയാണെങ്കില്‍ വാറ്റ് നല്‍കേണ്ടതില്ലായിരുന്നു.
എന്നാല്‍ ഇന്നുമുതല്‍ ഓണ്‍ലൈനായി യൂറോപ്പിനു പുറത്തു നിന്നും വാങ്ങുന്ന എല്ലാ സാധനങ്ങള്‍ക്കും വാറ്റ് നല്‍കണം. അയര്‍ലണ്ടില്‍ നിരവധി ആളുകളാണ് ബ്രിട്ടനിലുള്ള ഓണ്‍ലൈന്‍ സ്റ്റോറുകളില്‍
നിന്നും സാധനങ്ങള്‍ വാങ്ങുന്നത്. ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയന് പുറത്ത് പോയിട്ടും ആളുകള്‍ ഇങ്ങനെ വാങ്ങുന്നത് തുടരുകയാണ്. അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും പുതിയ നിബന്ധന തിരിച്ചടിയാകും.
വാങ്ങുന്ന സാധനത്തിന്റെ വില പരിഗണിക്കാതെ യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നാണെങ്കില്‍ വാറ്റ് ബാധകമാക്കുമെന്ന് നികുതി വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇത് നടപ്പിലാക്കും. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നും സാധനങ്ങള്‍ വാങ്ങുന്നത് ഇറക്കുമതിയായി പരിഗണിക്കുമെന്നും അപ്പോള്‍ കസ്റ്റംസ് ഫോര്‍മാലിറ്റികളും നികുതിയും ബാധകമാകുമെന്നുമാണ് നികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.