വാലന്റെയ്ന്‍സ് ഡേ എത്തുന്നതിന് മുന്നോടിയായി പോലീസിന്റെ മുന്നറിയിപ്പ്. നോര്‍ത്തേണ്‍ അയര്‍ലണ്ട്
പോലീസാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ ലൈനിലൂടെയുള്ള തട്ടിപ്പ് ഡേറ്റിംഗുകള്‍ക്ക് ഇരയാകരുതെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ തട്ടിപ്പിനിരയാവുകയും പണം നഷ്ടമാവുകയും ചെയ്തവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ മുന്നറിയിപ്പ്. ഒരു ഓണ്‍ ലൈന്‍ റിലേഷന്‍ഷിപ്പ് തട്ടിപ്പിലൂടെ ഒരു യുവതിയ്ക്ക് 1,30,000 പൗണ്ട് നഷ്ടമായ സംഭവവും പോലീസ് ചൂണ്ടിക്കാട്ടുന്നു.
വാലന്റൈന്‍സ് ഡേ ദിനങ്ങളില്‍ ആളുകള്‍ കൂടുതല്‍ സമയം ഡേറ്റിംഗ് ആപ്പുകളിലും സോഷ്യല്‍ മീഡിയകളിലും ചെലവഴിക്കുമ്പോള്‍ ഇത്തരം തട്ടിപ്പുകളുടെ കാര്യത്തില്‍ കൂടുതല്‍ കരുതലും ശ്രദ്ധയുമുണ്ടാവണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെടുന്ന തട്ടിപ്പുകാര്‍ ഒരിക്കലും നേരില്‍ കാണാന്‍ സമ്മതിക്കില്ലെന്നും പല ഒഴിവുകഴിവുകളും പറയുമെന്നും കുടുംബത്തില്‍ എന്തെങ്കിലും അത്യാവശ്യകാര്യത്തിനാണെന്ന് പറഞ്ഞ്
പണം ആവശ്യപ്പെടുകയും പണം ലഭിച്ചാല്‍ ഉടന്‍ ഡേറ്റിംഗ് ആപ്പിലെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു.
ഡേറ്റിംഗ് ആപ്പിലെയോ സോഷ്യല്‍ മീഡിയയിലെയോ പരിചയത്തിന്റെ പേരില്‍ നേരിട്ട് പരിചയമില്ലാത്തവര്‍ക്ക് പണം നല്‍കരുതെന്നും പോലീസ് പറയുന്നു.