കൊറോണ വൈറസിന്റെ അതിമാരക വകഭേദമായ ഒമിക്രോണ്‍ അയര്‍ലണ്ടിലും സ്ഥിരീകരിച്ചു. നാഷണല്‍ വൈറസ് റഫറന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഒമിക്രോണ്‍ ബാധിച്ചയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞയാഴ്ച അവസാനത്തോടെ 14 സാംപിളുകളാണ് ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്. ഇതില്‍ എട്ട് സാംപിളുകള്‍ ജനിതക ശ്രേണികരണം നടത്തിയിരുന്നു. ഈ എട്ട് സാംപിളുകളില്‍ ഒരെണ്ണത്തിലാണ് ഒമിക്രോണ്‍ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ ഒരു രാജ്യത്തേയ്ക്ക് യാത്ര ചെയ്ത ആളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മതിയെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു.