നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കാറുകളില്‍ പുകവലി നിരോധിക്കാന്‍ ആലോചന. ആരോഗ്യമന്ത്രി റോബിന് സ്വാന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളുടെ സാന്നിധ്യമുള്ള കാറുകളില്‍ പുകവലിക്കുന്നത് നിരോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ചുള്ള വ്യക്തമായ പദ്ധതി ആവിഷ്ക്കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് 50 യൂറോ ഫൈന്‍ ഈടാക്കാനാണ് ആലോചന. 18 വയസ്സിന് താഴെയ പ്രായമുള്ളവര്‍ക്ക് ഇ-സിഗരറ്റ് വില്‍ക്കുന്നത് നിരോധിക്കാനും പദ്ധതിയുണ്ട്. പുകവലിയെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങള്‍ മൂലം പ്രായമെത്താതെ മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നാണ് കണക്കുകള്‍.
പുകവലിയുടെ ദോഷങ്ങളില്‍ നിന്നും സമൂഹത്തെയും പ്രത്യേകിച്ച് കുട്ടികളേയും രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ പുകവലി നിരോധനമുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലും ജോലിയുടെ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം ആളുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലും പുകവലി നിരോധിച്ചിരിക്കുകയാണ്.
നിലവില്‍ കുട്ടികളുടെ സാന്നിധ്യമുള്ള കാറുകളില്‍ മാത്രമാണ് നിരോധനം നടപ്പിലാക്കുന്നതെങ്കിലും അടച്ചിട്ട സ്വാകാര്യവാഹനങ്ങളിലും ഒന്നിലധികം ആളുകള്‍ ഉള്ള വാഹനങ്ങളിലും ഭാവിയില്‍ പുകവലി നിരോധനം നടപ്പിലാക്കാനും സാധ്യതയുണ്ട്. അടുത്ത വര്‍ഷം ആദ്യം തന്നെ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലായേക്കും.