വിദഗ്ദരും കഴിവു തെളിയിച്ചവരുമായ ഡോക്ടര്‍മാരെ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ ഡോക്ടര്‍മാര്‍ക്കുള്ള ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള ഡോക്ടര്‍മാര്‍ക്കും ഇവരുടെ കുടുംബത്തിനും അയര്‍ലണ്ടില്‍ ജോലിയും താമസവും എളുപ്പമാക്കാന്‍ സഹായിക്കുന്നതാണ് പുതിയ മാറ്റങ്ങള്‍.
ഇതിനകം അയര്‍ലണ്ടില്‍ രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റില്‍ ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇവര്‍ക്ക് പെര്‍മിറ്റില്ലാതെ അയര്‍ലണ്ടില്‍ ഇനി ജോലി ചെയ്യാനുള്ള അനുവാദം ലഭിക്കും ഇതിനായി ഇവര്‍ അപേക്ഷ നല്‍കണം. ഇവരുടെ സ്പൗസിനും ജീവിത പങ്കാളിക്കും ഇതോടൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിക്കും.
നിലവില്‍ അഞ്ച് വര്‍ഷം അയര്‍ലണ്ടില്‍ ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ഇങ്ങനെ പെര്‍മിറ്റില്ലാതെ ജോലി ചെയ്യാന്‍ അവസരമുള്ളത്. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി കുറച്ചതോടെ മലയാളികളടക്കമുള്ള 1800 ഡോക്ടര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് സ്റ്റാംമ്പ് ഫോര്‍ പെര്‍മിറ്റാകും ലഭിക്കുക.