ഐടി രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ് അയര്‍ലണ്ടില്‍ നിന്നും 60 പേരെ കൂടി പിരിച്ചുവിടും. ഇതു സംബന്ധിച്ച് അയര്‍ലണ്ടിലെ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചു. നേരത്തെ ആഗോള തലത്തിലുള്ള പിരിച്ചു വിടലിന്റെ ഭാഗമായി 120 പേരെ അയര്‍ലണ്ടില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ 60 പേരെക്കൂടി പിരിച്ചുവിടുന്നത്.
3500 പേരാണ് മൈക്രോസോഫ്റ്റ് അയര്‍ലണ്ട് ടീമില്‍ ഉണ്ടായിരുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു മൈക്രോസോഫ്റ്റ് ആഗോള തലത്തില്‍ 10,000 പേരെ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് അയര്‍ലണ്ടില്‍ 180 പേര്‍ക്ക് ജോലി നഷ്ടമാവുക.
ഓപ്പറേഷന് , സെയില്‍സ്, എഞ്ചിനിയറിംഗ് പ്രൊഡക്ട് ഡവലപ്പ്മെന്റ് എന്നീ മേഖലകളിലാണ് മൈക്രോസോഫ്റ്റ് അയര്‍ലണ്ട് ടീമില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്.