ഫേസ് ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റാ ടൈം ലൈനില്‍ ഒന്ന് ഓടിച്ചു നോക്കിയാല്‍ ലോകത്ത് ആ നിമിഷം വരെ നടക്കുന്ന കാര്യങ്ങളില്‍ ഒരു അപ്‌ഡേഷന്‍ ലഭിക്കും. എന്നാല്‍ ഫേസ് ബുക്കിന്റേയും ഇന്‍സ്റ്റയുടേയും വോളില്‍ ഇനി മാധ്യമങ്ങളില്‍ നിന്നും വാര്‍ത്തകള്‍ എടുത്ത് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേയ്‌ക്കെത്തിയിരിക്കുകയാണ് മെറ്റ.
കാനഡയില്‍ ഇത് നടപ്പിലാക്കി കഴിഞ്ഞു. ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം കാനഡ പാര്‍ലമെന്റ് പാസാക്കിയതോടെയാണ് മെറ്റ കടുത്ത നടപടിയിലേയ്ക്ക് കടന്നത്. ഗൂഗിളും മെറ്റയും ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നതിന് തങ്ങള്‍ക്ക് പണം നല്‍കണമെന്നാണ് ഇന്ത്യയും അയര്‍ലണ്ടും അടക്കം ലോകരാജ്യങ്ങളിലെ മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നത്.
സര്‍ക്കാരുകളും മാധ്യമങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ്. എന്നാല്‍ നിയമം മൂലം ഇത് ഇത് നിര്‍ബന്ധമാക്കിയാല്‍ തങ്ങളുടെ നിലപാട് എന്തായിരിക്കും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ഇവര്‍ കാനഡയില്‍ സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഗൂഗിളും ഈ വഴിതന്നെ സ്വീകരിച്ചേക്കുമെന്ന സൂചനയും ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നു.