അയര്‍ലണ്ടിലെ കോര്‍ക്കില്‍ മലയാളി യുവതി കുത്തേറ്റ് മരിച്ച വാര്‍ത്ത മലയാളി സമൂഹത്തിന് കനത്ത ആഘാതമാണ് മലയാളി സമൂഹത്തിന് ഏല്‍പ്പിച്ചിരിക്കുന്നത്. വില്ട്ടണില് താമസിക്കുന്ന പാലക്കാട് സ്വദേശിനിയായ ദീപാ ദിനമണിയാണ് കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് ഭര്‍ത്താവിന്റെ കുത്തേറ്റുമരിച്ച ദീപയ്ക്ക് 38 വയസ്സാണ് പ്രായം.
ഇന്ത്യയില്‍ പല പ്രമുഖ കമ്പനികളിലും ചാര്ട്ടേത് അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുള്ള ദീപ കോര്‍ക്കിലെ അന്താരാഷ്ട്ര കമ്പനിയായ ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വ്വീസ് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. 2023 ഏപ്രീല്‍ മാസത്തിലാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയത്.
ഭര്‍ത്താവ് റെജിന്‍ രാജന് കോര്‍ക്കില്‍ ജോലി അന്വേഷിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. കിടപ്പുമുറിയിലാണ് ദീപ ആക്രമണത്തിനിരയായത്. ഈ സമയം മകന് വീട്ടിലില്ലായിരുന്നു. കുട്ടിയുടെ സംരക്ഷണം നിലവില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തിട്ടുണ്ട്.
ഈ അടുത്ത കാലത്ത് ഇവിടെയെത്തിയ ഇവര്‍ മറ്റുള്ളവരുമായി കാര്യമായ ബന്ധം സ്ഥാപിച്ചിരുന്നില്ല. ഇവര്‍ പ്രശ്നങ്ങളില്ലാതെ ജീവിച്ചിരുന്നു എന്നാണ് മറ്റുള്ളവര്‍ മനസ്സിലാക്കിയിരുന്നത്. ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനടക്കമുള്ള കാര്യങ്ങളില്‍ മലയാളി സംഘടനകളുടെ സജീവ ഇടപെടല്‍ നടക്കുന്നുണ്ട്.