മലയാളി നഴ്‌സുമാര്‍ക്ക് അഭിമാനം ; ജിനിയും സാനിയും ഇനി റിനല്‍ അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷ്‌നേഴ്‌സ്

അയര്‍ലണ്ടിലെ മലയാളി നഴ്‌സുമാര്‍ക്ക് അഭിമാനമായി ജിനി ജേക്കബും സാനി ജോര്‍ജും. ടുളാമോറിലെ മിഡ്‌ലാന്‍ഡ് റിജണല്‍ ഹോസ്പിറ്റലില്‍ കിഡ്‌നി രോഗവിഭാഗത്തില്‍ അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷ്‌നേഴ്‌സായാണ് ഇവരുടെ നിയമനം. 2006 മുതല്‍ ഈ ഹോസ്പിറ്റലില്‍ ഇവര്‍ ജോലി ചെയ്തുവരികയാണ്. ഹോസ്പിറ്റലിലെ കിഡ്‌നി രോഗ ചികിത്സാ വിഭാഗത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നിരവധി സംഭാവനകളാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.

ഈ കാലയളവില്‍ ആറ് ഹീമോഡയാലിസിസ് യൂണിറ്റ് മാത്രമുണ്ടായിരുന്ന ഹോസ്പിറ്റല്‍ തങ്ങളുടെ പ്രവര്‍ത്തനം 29 ഹീമോഡയാലിസിസ് യൂണിററുകളായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ സാനി റിനല്‍ ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷ്യലിസ്റ്റായും ജിനി ക്ലിനിക്കല്‍ ഫെസിലിറ്റേറ്ററായുമാണ് പ്രവര്‍ത്തിക്കുന്നത്. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സില്‍ നിന്നും നഴ്‌സ് പ്രിസ്‌ക്രൈബിംഗ് പൂര്‍ത്തിയാക്കിയ ഇവര്‍ റിനല്‍ നഴ്‌സിംഗില്‍ ഹയര്‍ ഡിപ്ലോമയും നഴ്‌സിംഗിലെ ബിരുദാനന്തര ബിരുദവും ട്രിനിറ്റി കോളേജില്‍ നിന്നാണ് പൂര്‍ത്തിയാക്കിയത്.

അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷ്‌നേഴ്‌സ് എന്ന നിലയില്‍ ഇനി ഇവരുടെ പ്രവര്‍ത്തി പരിചയത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നും ഇവര്‍ ആര്‍ജ്ജിച്ച കഴിവുകള്‍ ആശുപത്രിയിലെ കിഡ്‌നി രോഗവിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് ആശ്വാസമാകുമെന്നുറപ്പാണ്.

ജിനി ജേക്കബും സാനി ജോര്‍ജും തങ്ങളുടെ ആശുപത്രിക്ക് മുതല്‍ക്കൂട്ടാണെന്നും ഇവര്‍ കഠിനാദ്ധ്വാനികളും സമര്‍പ്പിതരുമായ നഴ്‌സുമാരാണെന്നും അനേകായിരം രോഗികള്‍ക്ക് ഇവര്‍ ആശ്വാസമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മിഡ്‌ലാന്‍ഡ് റിജണല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.

മിഡ്‌ലാന്‍ഡ് ഹോസ്പിറ്റലിലെ എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിച്ചതിനാലാണ് തങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാനായതെന്നും എല്ലാവരോടും ഏറെ നന്ദിയുണ്ടെന്നും അയര്‍ലണ്ടില്‍ എത്തിയത് മുതല്‍ കൂടുതല്‍ പഠിക്കുന്നതിനും ഈ മേഖലയില്‍ കൂടുതല്‍ വളരുന്നതിനും എല്ലാവരും നല്‍കിയ സഹായങ്ങള്‍ വളരെ വലുതാണെന്നും ജിനി ജേക്കബും സാനി ജോര്‍ജും പറഞ്ഞു.

Share This News

Related posts

Leave a Comment