കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ രാജ്യം വീണ്ടും ലോക് ഡൗണ്‍ ഭീതിയിലാണ്. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന് പ്രതിദിന കോവിഡ് കണക്കുകളില്‍ കൂടിയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 16,986 കേസുകളാണ്.
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം വ്യാഴാഴ്ച യോഗം ചേരാനിരിക്കുകയാണ്. ഈ യോഗത്തിന്റെ തീരുമാനങ്ങളിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സുപ്രധാന ശുപാര്‍ശകള്‍ സര്‍ക്കാരിന് ഈ യോഗത്തില്‍ നല്‍കിയേക്കും.
ഈ യോഗത്തിന്റെ തീരുമാനങ്ങളനുസരിച്ചായിരിക്കും ലോക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന നിലപാടിലാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍.
ക്രിസ്മസ് ന്യൂഇയര്‍ സമയത്തെ കൂടിച്ചേരലുകള്‍ രോഗവ്യാപനം അതിരൂക്ഷമാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 804 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ഇരട്ടിയോളമാണിത്. ഇതില്‍ തന്നെ 93 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.