വീടുകള്‍ ലഭിക്കാനില്ലാത്തതും വില ഉയര്‍ന്നതും അയര്‍ലണ്ടില്‍ വീടന്വേഷിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് നിര്‍ത്തി വച്ചിരുന്ന പുതിയ വീടുകളുടേയും ഹൗസിംഗ് കോംപ്ലക്സുകളുടേയും നിര്‍മ്മാണം ആരംഭിച്ചതോടെ വീടുകളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെടുമെന്നും അതോടൊപ്പം വിലക്കുറവിന് കാരണമാകുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവ് ഹൗസിംഗ് പ്രോജക്ടുകളുടെ ചിലവ് വലിയ തോതിലാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് . ഇതിനാല്‍ ഇത് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കെത്തിയാലും ഈ വീടുകള്‍ ഉയര്‍ന്ന വിലയ്ക്ക് മാത്രമേ വില്ക്കാന് സാധിക്കൂ.
മാത്രമല്ല വിലവര്‍ദ്ധനവിനെ തുടര്‍ന്ന് പല വലിയ നിര്‍മ്മാണങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് കൃത്യസമയത്തെ വീടുകളുടെ ലഭ്യതയെയും ബാധിക്കും. എന്തായാലും വീടുകളുടെ വില കുറയാനും ലഭ്യത സുഗമമാകാനും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സാരം