മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു ഇന്നലെ ഡബ്ലിനിലെ മാലഹൈഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള മത്സരം കാണാനെത്തിയ ഐറിഷ് മലയാളികള്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അവര്‍ നിരാശരായി. കാരണം സഞ്ജു സാംസണിനെ പ്ലേയിംഗ് ഇലവനില്‍ പരിഗണിച്ചില്ല. എന്നാല്‍ ആ നിരാശയ്ക്കിടയിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാറാടിക്കുന്നതായിരുന്നു ഇന്ത്യന്‍ വിജയം.
അയര്‍ലണ്ടിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടാനെ സാധിച്ചുള്ളു. അയര്‍ലണ്ട് ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കിയെങ്കിലും 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാരി ഹെക്ടറാണ് അയര്‍ലണ്ട് സ്‌കോര്‍ മൂന്നക്കം കടത്തിയത്.
മഴയെ തുടര്‍ന്ന് അല്‍പ്പം താമസിച്ചായിരുന്നു മത്സരം തുടങ്ങിയത്. മലയാളി ആരാധകര്‍ കാത്തിരുന്ന സഞ്ജുവിന് പകരം ദീപക് ഹൂഢയെയാണ് പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ പരിഗണിച്ചത്. ക്രിക്കറ്റിനെ മതമായി കാണുന്ന ഒരു രാജ്യത്ത് നിന്നും ലോകത്തിന്റെ ഏത് ഭാഗത്ത് എത്തിച്ചേര്‍ന്നാലും ഉള്ളിലെ ക്രിക്കറ്റ് ആവേശവും രാജ്യ സ്‌നേഹവും തെല്ലും ചോരില്ലെന്നു വിളിച്ചു പറയുന്നതായിരുന്നു ഗ്യാലറിയിലെ ഇന്ത്യന്‍ ആരാധകരുടെ ആര്‍പ്പു വിളികള്‍.