കോവിഡ് ബാധിതരായി ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ ഒരാഴ്ച മാത്രം ഐസിയു കേസുകളില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായതായാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ റീഡ് പറഞ്ഞത്. ഇതിനാല്‍ തന്നെ വാക്‌സിന്‍ സ്വകരിക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 67 ശതമാനം ആളുകളും വാക്‌സിന്‍ ഒരു ഡോസ് പോലും സ്വീകരിക്കാത്തവരാണെന്നും മൂന്ന് ശതമാനം ആളുകള്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവരാണെന്നും പോള്‍ റീഡ് പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ആദ്യമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍
കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ ഇത് വീണ്ടും ഉയര്‍ന്ന് രണ്ടായിരത്തിന് മുകളില്‍ എത്തി. ഇന്നലെ 2002 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1940 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 352 പേരാണ് ആശുപത്രികളിലുള്ളത് 74 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ്. രാജ്യത്ത് കെയര്‍ ഹോമുകളില്‍ കഴിയുന്ന 65 വയസ്സിന് മുകളിലുള്ളവര്‍ക്കും വീടുകളിലും മറ്റും കഴിയുന്നവരില്‍ 80 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉടന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.