അയര്‍ലണ്ടില്‍ വീടുകള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഉയര്‍ന്നു നില്‍ക്കുന്ന ഭവനവില ഉടന്‍ കുറഞ്ഞു തുടങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവും പലിശ നിരക്ക് ഉടന്‍ വര്‍ദ്ധിച്ചേക്കുമെന്ന സൂചനകളും കൂടുതല്‍ ഹൗസിംഗ് പ്രോജക്ടുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ മുന്നോട്ടു നീങ്ങുന്നതുമാണ് വില കുറഞ്ഞേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്ക് കാരണം.
അമേരിക്ക, ന്യൂസിലാന്‍ഡ്, കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇവിടങ്ങളലും കഴിഞ്ഞ കാലങ്ങളില്‍ ഭവനങ്ങളുടെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ഭവന വില വര്‍ദ്ധിക്കുകയും എന്നാല്‍ മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ കൊണ്ട് തന്നെ വില കുറയുകയും ചെയ്തിരുന്നു.
അയര്‍ലണ്ടില്‍ ജീവിത ചെലവ് ഉയര്‍ന്നത് വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നവരെക്കൂടി അതില്‍ നിന്നും പിന്തിരിപ്പിച്ചു. കയ്യില്‍ ഉള്ള നീക്കിയിരുപ്പ് തല്‍ക്കാലത്തേയ്ക്ക് ഉയര്‍ന്ന വിലയ്ക്ക് വീട് വാങ്ങാന്‍ ഉപയോഗിക്കേണ്ടെന്ന് പലരും തീരുമാനിച്ചു. ഇതോടെയാണ് ആവശ്യക്കാരുടെ എണ്ണം കുറഞ്ഞത്. മാത്രമല്ല പലിശ നിരക്ക് ഉയരാനുള്ള സാധ്യതയും പലരേയും വീടുവാങ്ങലില്‍ നിന്ന് പിന്തരിപ്പിച്ചിട്ടുണ്ട. സര്‍ക്കാര്‍ നിരവധി ഹൗസിംഗ് പ്രോജക്ടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
വില്‍ക്കാനുള്ള വീടുകളുടെ എണ്ണം കൂടുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്യുന്നതോടെ വീടുകളുടെ വില കുറയും എന്നു തന്നെയാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വിദഗ്ദരുടെ കണക്കുകൂട്ടല്‍.