രാജ്യത്ത് ഹോം ഹീറ്റിംഗ് ഇന്ധനങ്ങളുടെ വര്‍ദ്ധിപ്പിച്ച കാര്‍ബണ്‍ നികുതി ഇന്നുമുതല്‍ നിലവില്‍ വരും. ഇതോടെ ഹോം ഹീറ്റിംഗ് ഗ്യാസിന്റെ വില പ്രതിമാസം 1.40 യൂറോയും ഹോം ഹീറ്റിംഗ് ഓയിലിന്റെ വില പ്രതിമാസം 1.50 യൂറോയും വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍. വിലവര്‍ദ്ധനവിനെതിരെ നിരവധി എതിര്‍ ശബ്ദങ്ങള്‍ ഉയരുമ്പോഴും നിലവിലെ സാഹചര്യത്തില്‍ വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേയ്ക്ക് തള്ളിവിടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ ചില പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 200 യൂറോ ഇലക്ട്രിസിറ്റി ബില്‍ ക്രെഡിറ്റ് നല്‍കുന്നതും ഗ്യാസിന്റേയും വൈദ്യുതിയുടേയും വാറ്റ് നികുതി കുറച്ചതും 58 ഓളം പൊതു സേവനങ്ങളുടെ ലെവി ഒഴിവാക്കിയതും ഇതിന്റെ ഭാഗമാണ്.
കാര്‍ബണ്‍ ടാക്‌സില്‍ നിന്നും അധികമായി ലഭിക്കുന്ന തുക രാജ്യത്ത് നിലവിലുള്ള ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനും ഒപ്പം ഹരിത ഊര്‍ജ്ജത്തിലേയ്ക്ക് മാറുന്നതിനുമായിരിക്കും ഉപയോഗിക്കുക.