രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗത്തില്‍ മുന്നോട്ടു നീങ്ങുന്നു. 16-17 പ്രായപരിധിക്കാര്‍ക്ക് ഇന്നലെ മുതല്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വാക്‌സിനേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതിനു പുറമെ 12 മുതല്‍ 15 വരെ പ്രായ പരിധിയിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇവര്‍ക്കായുളള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി വ്യക്തമാക്കി.
ഈ പ്രായപരിധിയിലുള്ളവരുടെ മാതാപിതാക്കള്‍ക്ക് ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ രാജ്യത്ത് ഇന്നലെ 1120 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 142 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 27 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്.
കോവിഡ് വാക്‌സിന്‍ എടുക്കാന്‍ യോഗ്യതയുള്ളവരില്‍ ആരെങ്കിലും ഇനിയും എടുത്തിട്ടില്ലെങ്കില്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളാഹാന്‍ പറഞ്ഞു.