അയര്‍ലണ്ടില്‍ വാക്‌സിന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ മാത്രം വിദേശയാത്രകള്‍ നടത്തിയാല്‍ മതിയെന്ന ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തിന് തിരുത്ത്. ഗവണ്‍മെന്റ് തീരുമാനമനുസരിച്ച് വാക്‌സിന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കാത്തവര്‍ക്കും ഇനി വിദേശ യാത്രകള്‍ ചെയ്യാം. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവരുടെ വിദേശ യാത്രകള്‍ക്ക് ചില നിബന്ധനകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ തിരിച്ച് അയര്‍ലണ്ടില്‍ എത്തുന്നതിന് മുമ്പ് ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റും നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് റിസല്‍ട്ടും ഹാാജരാക്കണം.
എന്നാല്‍ ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാരിന് യാതൊരുവിധത്തിലുള്ള എതിരഭിപ്രായങ്ങളുമില്ലെന്നും ശാസ്ത്രീയവും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം 100 % ശരിയാണെന്നും ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് മറ്റു പലകാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷംമാത്രമെ അന്തിമതീരുമാനമെടുക്കാന്‍ സാധിക്കൂ എന്നും ഈ വിഷയത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും തമ്മില്‍ യാതൊരു അഭിപ്രായവിത്യാസങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുമ്പോള്‍ രാജ്യത്തെ യുവജനങ്ങളെയും പരിഗണിക്കേണ്ടിവരുമെന്നും ഇവര്‍ വാക്‌സിനെടുത്തിട്ടില്ല എന്ന കാര്യം വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ ഭീതി ലോകമെങ്ങും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചില രാജ്യങ്ങള്‍ ഇപ്പോഴും യാത്രാവിലക്ക് നിലനിര്‍ത്തിയിരിക്കുന്നത്.