അയര്‍ലണ്ടില്‍ ഊര്‍ജ്ജമേഖലയിലെ വിലവര്‍ദ്ധനവ് രൂക്ഷമായതോടെ ഇത് നിരവധി കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയായെന്ന് സൂചന. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാണ്ട് 29 ശതമാനം കുടുംബങ്ങള്‍ ഊര്‍ജ്ജ ദാരിദ്ര്യം(Energy Proverty) അനുഭവിക്കുന്നു എന്നാണ് കണക്കുകള്‍.
തങ്ങളുടെ മാസ വരുമാനത്തിന്റെ പത്ത് ശതമാനത്തിലധികം മോട്ടോര്‍ ഇന്ധനത്തിനൊഴികെയുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരെയാണ് ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളായി പരിഗണിക്കുന്നത്. 29 ശതമാനം എന്നത് സര്‍വ്വകാല റെക്കോര്‍ഡാണ്.
ഇതിന് മുമ്പ് 1995 ലായിരുന്നു ENERGY PROVERTY ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. അന്ന് 23 ശതമാനമായിരുന്നു ENERGY PROVERTY. ഇതിനെ കടത്തിവെട്ടിയാണ് ഇപ്പോള്‍ 29 ശതമാനത്തിലെത്തിയിരിക്കുന്നത്. എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ മോട്ടോര്‍ ഇന്ധനം ഒഴികെയുള്ള ഊര്‍ജ്ജത്തിന്റെ വില ഒരാഴ്ച 21 യൂറോയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് മോട്ടോര്‍ ഫ്യൂവലിന്റെ വില കൂടി ഉള്‍പ്പെടുത്തിയാല്‍ വര്‍ദ്ധനവ് 39 യൂറോയാകും. ഇനിയും ഊര്‍ജ്ജവിലയില്‍ വര്‍ദ്ധനവുണ്ടായാല്‍ ENERGY PROVERTY LEVEL 43 ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്.