രാജ്യത്ത് ഡെല്‍റ്റാ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് വൈകിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ചര്‍ച്ചായായിരുന്നു.
പൊതു ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ അഞ്ചിന് ഇന്‍ഡോര്‍ ഡൈംനിംഗുകളും ഔട്ട് ഡോറിലെ വിലയ മീറ്റിംഗുകള്‍ക്കുമടക്കം അനുമതി നല്‍കുമെന്നും ജൂലൈ-19 മുതല്‍ വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കുമെന്നുമായിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്നത്.
രാജ്യത്തെ കോവിഡ് കേസുകളില്‍ ഡെല്‍റ്റാ വകഭേദം മൂലമുള്ള കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുന്നത്. എന്നാല്‍ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തെ മാത്രമല്ല യുകെയിലേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും സാഹചര്യം പരിശോധിച്ച ശേഷം മാത്രമെ ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമുണ്ടാകൂ എന്നും മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ യാത്രാനുമതി നല്‍കാവൂ എന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശം വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും നിബന്ധനകളോടെ യാത്രയാവാം എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കിലും ഡെല്‍റ്റാ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തിലും ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് സാധ്യത.