അയര്‍ലണ്ടില്‍ പ്രൈമറി വാക്സിനേഷന് പൂര്‍ത്തിയാക്കി നിശ്ചിത കാലാവധിയ്ക്ക് ശേഷം കോവിഡിനെതിരായ ബൂസ്റ്റര്‍ ഡോസ് വാക്സിന് എടുത്തവരില്‍ ഇനിയും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തു വന്ന കണക്കുകള്‍ പ്രകാരം ഏകദേശം 40,000 ത്തോളം ആളുകള്‍ക്ക് ഇതുവരെ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടില്ല.
വിദേശയാത്രയ്ക്കൊരുങ്ങുന്നവര്‍ക്കാണ് ഇത് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വിദേശയാത്രകള്‍ക്ക് എല്ലാം തന്നെ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. പ്രൈമറി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന് രണ്ടാം ഡോസിന് ശേഷം 9 മാസമാണ് കാലാവധിയുള്ളത്.
27 ലക്ഷത്തോളം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു. വാക്സിനെടുത്തവര്‍ ഇ-മെയില്‍ അഡ്രസ് തെറ്റായി നല്കിയതോ അല്ലെങ്കില്‍ വാക്സിന് എടുത്ത കേന്ദ്രങ്ങളില്‍ നിന്നും അപ്ഡേഷന് ലഭിക്കാത്തതോ ആണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകാന്‍ കാരണമെന്നാണ് എച്ച്എസ്ഇയുടെ വീശദീകരണം.