അയര്‍ലണ്ടില്‍ ഒരു വര്‍ഷമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഒക്ടോബര്‍ അവസാനത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റുക എന്ന ലക്ഷ്യത്തോടൊണ് ഘട്ടം ഘട്ടമായി ഇളവുകള്‍ നടപ്പിലാക്കുന്നത്. ഇന്‍ഡോറായി നടക്കുന്ന ചടങ്ങുകള്‍ക്ക് ഇന്നുമുതല്‍ അനുമതിയുണ്ടെന്നതാണ് ഇളവുകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് കൂടുതല്‍ ചടങ്ങുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിന് വഴി തെളിക്കും.
വിപണിക്കും ഇത് കൂടുതല്‍ ഉണര്‍വേകുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. ഉള്‍ക്കൊള്ളാവുന്നതിന്റെ 60 ശതമാനം അളുകളെ പങ്കെടുപ്പിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പങ്കെടുക്കുന്ന എല്ലാവരും വാക്സിന് സ്വീകരിച്ചിരിക്കുന്നവരാകണം എന്നാണ് നിബന്ധന. ഔട്ട് ഡോര്‍ പരിപാടികള്‍ പങ്കെടുക്കാവുന്നതിന്റെ 75 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് നടത്താം. ഇതിലും വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
സെപ്റ്റംബര്‍ 20 മുതല്‍ കൂടുതല്‍ ഇളവുകള്‍ രാജ്യത്ത് പ്രാബല്ല്യത്തില്‍ വരും. മതചടങ്ങുകള്‍ക്കും അനുമതി നല്‍കും. സ്കൂളുകളുടെ പ്രവര്‍ത്തനം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്.