രാജ്യത്ത് കോവിഡ് ഭീതി ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 314 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,688 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രികളില്‍ കഴിയുന്നവരുടെ കാര്യത്തില്‍ 55 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ 59 പേരാണ് ഉള്ളത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
6.6 മില്ല്യണ്‍ വാക്‌സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. മുതിര്‍ന്ന ആളുകളില്‍ 85% പേര്‍ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചു. 91 % ആളുകളും ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്. 12-15 പ്രായപരിധിയിലുള്ളവരില്‍ 135000 പേര്‍ ഇതുവരെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 77000 ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.