രാജ്യത്ത് ഭീതിയുണര്‍ത്തി വീണ്ടും കോവിഡ് രൂക്ഷമാകുമ്പോള്‍ അനുദിനം ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയാണ് ആരോഗ്യവകുപ്പ്. നിലവില്‍ നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും എടുത്തുമാറ്റിയെങ്കിലും സ്വയം നിയന്ത്രണം പാലിക്കാനും കോവിഡിനെ തടയാനും ആളുകള്‍ തയ്യാറാകണമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്.
സാമൂഹ്യ ഇടപെടലുകളില്‍ നിന്നും പരമാവധി വിട്ടുനിന്ന് കോവിഡ് വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും അടയ്ക്കണമെന്നും അദ്ദേഹം പറയുന്നു. വരുന്നത് ക്രിസ്മസ്‌കാലമായതിനാല്‍ തന്നെ ഒത്തുചേരലുകളും ആഘോഷങ്ങളും കൂടാനാണ് സാധ്യത. ഇതും സര്‍ക്കാരും ആരോഗ്യ വകുപ്പും സൂക്ഷ്മതയോടെയാണ് നോക്കി കാണുന്നത്.
ഇനിയും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. ഒത്തുചേരലുകളിലും ആഘോഷങ്ങളിലും പരമാവധി മിതത്വം പാലിക്കണമെന്നും കോവിഡ് നിബന്ധനകള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമെ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താവു എന്നുമാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2975 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 551 പേരാണ് ആശുപത്രികളിലുള്ളത് 89 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.