രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,866 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 331 ആണ്. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എട്ട് രോഗികള്‍ കൂടുതലാണ്. ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ ചികിത്സയില്‍ കഴിയുന്നത് 61 പേരാണ്. കഴിഞ്ഞ ഏപ്രീല്‍ മൂന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
എന്തെങ്കിലും രോഗ ലക്ഷണങ്ങളുള്ളവര്‍ തീര്‍ച്ചയായും പുറത്തിറങ്ങാതെ ക്വീറന്റീനില്‍ കഴിയണമെന്നും എല്ലാവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിച്ച് കോവിഡില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 60 വയസ്സിന് മുകളിലുള്ള 84 ശതമാനം ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 90.3 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും ക്രിസ്മസിന് മുമ്പേ തന്നെ നീക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 16 വയസ്സിന് മുകളിലുള്ളവരില്‍ 90 ശതമാനം ആളുകളും വാക്‌സിനെടുത്താല്‍ മാത്രമെ അടുത്ത ഘട്ടം ഇളവുകളിലേയ്ക്ക് കടക്കാന്‍ സാധിക്കു എന്ന ശിപാര്‍ശയാണ് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ ഇനിയും കുറഞ്ഞത് ആറാഴ്ചയെങ്കിലും വേണമെന്നാണ് സര്‍ക്കാരിന്റെ കണക്ക്കൂട്ടല്‍.