രാജ്യത്തെ കോവിഡ് രോഗികളില്‍ കൂടുതലും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്. അവസാന രണ്ട് ആഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ പത്തില്‍ ഏഴെണ്ണവും മറ്റൊരു രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തില്‍ നിന്നും ഉണ്ടായതാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. മെയ് 25 മുതല്‍ ജൂണ്‍ 7 വരെയുള്ള കണക്കുകളാണ് പഠനത്തിനായി എടുത്തത്. ഈ കാലയളവില്‍ 5,618 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതില്‍ 70.10 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണെന്നാണ് തെളിഞ്ഞത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്ററാണ് ഇക്കാര്യത്തില്‍ വിദഗ്ദ പഠനം നടത്തിയത്. അഞ്ച് ശതമാനത്തോളം മാത്രമാണ് ഉറവിടമറിയാത്ത രോഗികള്‍. ഇതിനാല്‍ തന്നെ ഇത് സാമൂഹ്യവ്യാപനത്തിന്റെ ഭാഗമായി കണക്കാക്കും. 3.3 ശതമാനം കേസുകളും യാത്രകളില്‍ രോഗബാധിതരായവരാണ്. 6.1 ശതമാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പഠനം നടന്നു വരികയണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 259 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 76 രോഗികളാണ് ആശുപത്രികളില്‍ ഉള്ളത്. ഇതില്‍ 27 പേര് ഐസിയുകളിലാണ് ചികിത്സയില്‍ കഴിയുന്നത്. ഈ കണക്കുകളില്‍ ഭാവിയില്‍ ചെറിയ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്.
ഒരു ലക്ഷം ആളുകളെ പരിശോധിക്കുമ്പോള്‍ ഇപ്പോള്‍ രോഗബാധിതരാകുന്നവരുടെ രാജ്യത്തെ ശരാശരി കണക്ക് 118 പേര് എന്നതാണ്. എന്നാല്‍ ലിമ്റിക്കില് ഇത് 448 ഉം ഡൊണഗെലില് 177.10 ഉം ഡബ്ലിനില്‍ ഇത് 139.5 ഉം ആണ്.