അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ നിര്‍ണ്ണായക മാറ്റം വരുത്തി സര്‍ക്കാര്‍. അയര്‍ലണ്ട് പൗരത്വത്തിനായുള്ള അപേക്ഷയിലാണ് പ്രധാന മാറ്റം വരുത്തിയിരിക്കുന്നത്. 2022 ജനുവരി ഒന്നു മുതല്‍ പൗരത്വത്തിനായി അപേക്ഷിക്കുമ്പോള്‍ പാസ്പോര്‍ട്ടിന്റെ ഒര്‍ജിനല്‍ ആദ്യഘട്ടത്തില്‍ നല്‍കേണ്ടതില്ല. മറിച്ച് കവര്‍ പേജുകള്‍ ഉള്‍പ്പെടെ എല്ലാ പേജുകളുടേയും കളര്‍ കോപ്പികള്‍ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം.
ജനുവരി മുതല്‍ പൗരത്വ അപേക്ഷകള്‍ സ്കോര്‍ കാര്‍ഡ് രീതിയിലേയ്ക്ക്
മാറുകയാണ്. ഇത് തിരിച്ചറിയല്‍ താമസം എന്നിവയുമായി ബന്ധപ്പെട്ട് എന്തൊക്കെ രേഖകളാണ് അപേക്ഷകര്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കും. ഉദാഹരണത്തിന് ഡോക്ടര്‍മാരുടെ കാര്യത്തിലാണെങ്കില്‍ ഇവര്‍ എച്ച്എസ്ഇ യിലോ അല്ലെങ്കില്‍ വോളന്ററി ഹോസ്പിറ്റലുകളിലോ ജോലി ചെയ്യുന്നവരാണെങ്കില്‍ ഇവരുടെ ‘ മെഡിക്കല്‍ പ്രാക്ടീഷ്ണര്‍ എംപ്ലോയ്മെന്റ് ഹിസ്റ്ററി സമ്മറി ‘ അയര്‍ലണ്ടിലെ താമസ രേഖയായി പരിഗണിക്കും.
ഐറിഷ് റസിഡന്‍സ് കൈവശമുള്ളവര്‍ക്ക് പെര്‍മിറ്റ് അതിന്റെ കാലാവധി മാര്‍ച്ച് 2020 സമയത്തുള്ളതാണെങ്കില്‍ സര്‍ക്കാര്‍ അത് നീട്ടി നല്‍കിയിട്ടുണ്ട്. 2022 ജനുവരി 15 വരെയാണ് സമയം നീട്ടി നല്‍കിയിട്ടുള്ളത്. ക്രിസ്മസ് കാലത്ത് യാത്ര പോകേണ്ടവര്‍ക്ക് ഈ റസിഡന്‍സ് പെര്‍മിറ്റ് ഉപയോഗിച്ച് തന്നെ യാത്ര പോകുന്നതിനും ജനുവരി 15 ന് മുമ്പ് തിരിച്ചു വരാന്‍ സാധിക്കുന്നതുമാണ്.
ഇങ്ങനെ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ട്രാവല്‍ കണ്ഫര്മേഷന് നോട്ടീസ് പ്രിന്റ് എടുത്ത് ഐറിഷ് റസിഡന്‍സ് പെര്‍മിറ്റിനൊപ്പം സൂക്ഷിക്കേണ്ടതാണ്. 16 വയസ്സിന് താഴയുള്ള കുട്ടികള്‍ക്ക് 2022 ജനുവരി 15 വരെ വിസയില്ലാതെ റീ എന്‍ട്രി സാധ്യമാകുന്നതാണ്.
https://www.irishimmigration.ie/wp-content/uploads/2021/11/Travel-Confirmation-Notice-Nov-2021.pdf